ത്രീ വീലര്‍ ലൈസന്‍സും ബാഡ്ജും വേണ്ട; കാറിന്റെ ലൈസന്‍സുണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷ ഓടിക്കാം

Sorry Cannot load the image

കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് (എൽ.എം.വി.) ഉണ്ടെങ്കിൽ ഓട്ടോറിക്ഷയും ഓടിക്കാം. രാജ്യവ്യാപക ലൈസൻസ് വിതരണശൃംഖലയായ സാരഥിയിലേക്ക് സംസ്ഥാനവും മാറിയതോടെ ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ലൈസൻസ് നൽകിയിരുന്നത് നിർത്തി. സാരഥി സോഫ്റ്റ്വേറിൽ ഓട്ടോറിക്ഷ എന്ന വിഭാഗമില്ല. പകരം ടാക്സികൾക്കെല്ലാം ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസാണ് നിഷ്കർഷിക്കുന്നത്.നിലവിൽ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസൻസുള്ളവർക്ക് പുതിയ ഭേദഗതി തടസ്സമില്ല. ഇവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ വൈദ്യുതി വാഹനങ്ങൾക്കുള്ള ഇ-റിക്ഷ ലൈസൻസ് നൽകും. എൽ.പി.ജി., ഡീസൽ, പെട്രോൾ, വൈദ്യുതി ഓട്ടോറിക്ഷകൾ ഇ-റിക്ഷ ലൈസൻസ് ഉപയോഗിച്ച് ഓടിക്കാം. ഇതിന് സാധുത നൽകി ഉത്തരവിറക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു. ഓട്ടോറിക്ഷകൾക്ക് പ്രത്യേകം ലൈസൻസ് നിലനിർത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചില്ല. ചെറുടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ബാഡ്ജ് വേണ്ടെന്ന നിബന്ധനയും ഇതോടൊപ്പം നടപ്പാക്കിയിരുന്നു. ക്വാഡ്രാ സൈക്കിൾ എന്ന പുതുവിഭാഗത്തിൽ ചെറു നാലുചക്ര വാഹനങ്ങൾ ഇറങ്ങിയതോടെയാണ് കേന്ദ്രസർക്കാർ ഓട്ടോറിക്ഷകൾക്ക് പ്രത്യേക ലൈസൻസ് വേണ്ടെന്നുവെച്ചത്. ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് സഞ്ചരിക്കാവുന്ന നാലുചക്ര വാഹനങ്ങളാണിവ. വലുപ്പത്തിൽ ഓട്ടോറിക്ഷയ്ക്കു തുല്യമാണെങ്കിലും ഇവയ്ക്ക് കാറിന്റെ നിയന്ത്രണസംവിധാനങ്ങളാണുള്ളത്. അതേസമയം, കാർ ഡ്രൈവിങ് അറിയുന്നവർക്ക് പരിശീലനമില്ലാതെ ഓട്ടോറിക്ഷ ഓടിക്കാൻ കഴിയില്ലെന്ന് ഡ്രൈവിങ് സ്കൂൾ പരിശീലകർ പറയുന്നു. ഇരു വാഹനങ്ങളുടെയും നിയന്ത്രണസംവിധാനങ്ങൾ ഭിന്നമാണ്. ഓട്ടോറിക്ഷകൾക്ക് അപകടസാധ്യത കൂടുതലാണെന്നും അവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടതുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ്
ചെയ്യുക.
tise Here
a